This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലമന്‍സോ, ജോര്‍ജ് യൂജീന്‍ ബെഞ്ചമിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലമന്‍സോ, ജോര്‍ജ് യൂജീന്‍ ബെഞ്ചമിന്‍

Clemenceau, Georges Eugene Benjamin (1841 - 1929)

ഫ്രഞ്ചു പ്രധാനമന്ത്രിയും രാജ്യതന്ത്രജ്ഞനും. 1841 സെപ്. 28-ന് ഫ്രാന്‍സിലെ വെന്‍ഡീയില്‍ ജനിച്ചു. വൈദ്യം, തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം എന്നീ രംഗങ്ങളില്‍ മികച്ച പാണ്ഡിത്യം നേടി. കണക്റ്റിക്കട്ടിലെ ഒരു വനിതാപാഠശാലയില്‍ ഫ്രഞ്ചും കുതിരസവാരിയും പഠിപ്പിച്ചു.

ഫ്രാന്‍സില്‍ തിരികെവന്ന് ഇദ്ദേഹം നേപ്പോളിയന്‍ III നിഷ്കാസിതനായതിനുശേഷം മോണ്ട്മാത്ര് ഡിസ്ട്രിക്റ്റിലെ മേയറായും തുടര്‍ന്ന് 1871 ഫെ. 8-ന് ഫ്രഞ്ചു നാഷണല്‍ അസംബ്ലിയില്‍ ഡെപ്യൂട്ടിയായും തിരഞ്ഞെടുക്കപ്പെട്ടു. പാരിസ് മുനിസിപ്പല്‍ കൗണ്‍സിലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1876-ല്‍ 'ചേംബര്‍ ഒഫ് ഡെപ്യൂട്ടീസി'ല്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ 'റാഡിക്കല്‍സി'ന്റെ നേതാവായി ഉയര്‍ന്നു. ശക്തനായ ഒരു വിമര്‍ശകനും മികച്ച വാഗ്മിയുമായിരുന്ന ഇദ്ദേഹം 1876 മുതല്‍ 93 വരെ ഫ്രാന്‍സിലെ രാഷ്ട്രീയജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. 1893-ലെ തിരഞ്ഞെടുപ്പില്‍ പരാജിതനായതിനെത്തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. 1902-ല്‍ വീണ്ടും സെനറ്റിലേക്കും 1906-ല്‍ ഫെര്‍ഡിനന്റ് സെറീനിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.

1906 ഒക്ടോബറില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ക്ലമന്‍സോ 1909 ജൂലായ് വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുകയും 'ത്രികക്ഷി സൗഹൃദ'ത്തിന്റെ ആവിര്‍ഭാവത്തെ സഹായിക്കുകയും ചെയ്തു. 1909-ല്‍ പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടുവെങ്കിലും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1914-ല്‍ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ക്ലമന്‍സോ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ദൗര്‍ബല്യത്തെ ശക്തിയായി വിമര്‍ശിക്കുകയും സമ്പൂര്‍ണപടയൊരുക്കത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. 1917 നവംബറില്‍ പ്രസിഡന്റിന്റെ ആവശ്യാനുസരണം പ്രധാനമന്ത്രിപദവും യുദ്ധത്തിന്റെ ചുമതലയും ഏറ്റെടുത്തു. നിര്‍ണായകമായ ഈ കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ നേതൃത്വം ഫ്രാന്‍സിന് ശക്തിയും ചൈതന്യവും പ്രദാനം ചെയ്തു. യുദ്ധത്തില്‍ സഖ്യകക്ഷികളെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഏകലക്ഷ്യം. അതില്‍ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. 1917 ഏപ്രിലില്‍ യു.എസ്സ്. സഖ്യകക്ഷികളോടു ചേര്‍ന്ന് യുദ്ധം ചെയ്യുവാന്‍ ഒരുമ്പെട്ടതില്‍ ഇദ്ദേഹത്തിന് സന്തുഷ്ടിയുണ്ടായിരുന്നു. യുദ്ധത്തിന്റെ അവസാനം നടന്ന പാരിസ് സമാധാനസന്ധിസംഭാഷണങ്ങളിലും പ്രമുഖപങ്ക് വഹിക്കുകയും ജര്‍മനിക്കെതിരായി ഫ്രാന്‍സിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു. 1920-ല്‍ അധികാരം നഷ്ടപ്പെട്ടു.

1929 ന. 24-ന് പാരിസില്‍ ക്ലമന്‍സോ നിര്യാതനായി.

(സ്റ്റാന്‍ലി ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍